പുതുച്ചേരി: പുതുച്ചേരിയില്‍ രാജിവയ്‌ക്കില്ലെന്നും വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്നും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.നാരായണസ്വാമി. വോട്ടെടുപ്പില്‍ കേവലഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നാരയണസ്വാമി ഭരണപക്ഷം.
കോണ്‍ഗ്രസി ഹൈക്കമാന്‍ഡ് നിര്‍ദേശം കണക്കിലെടുത്താണ് വോട്ടെടുപ്പ് എന്ന തീരുമാനമെന്നാണ് വിവരം. നേരത്തെ നാല് എംഎല്‍എമാര്‍ രാജിവച്ചിരുന്നു. ഇതില്‍ രണ്ടുപേര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ നാരയണസ്വാമി രാജിവച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ എ നമശിവായം, ഇ തീപ്പായ്ന്താന്‍, മല്ലാടി കൃഷ്ണ റാവു, ജോണ്‍ കുമാര്‍ എന്നീ നാലു എംഎല്‍എമാരാണ് രാജിവച്ചത്.
ഇന്ന് കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍ കുമാര്‍ രാജിവച്ചതോടെ നാരായണസ്വാമി സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം 14 ആയി. കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മല്ലാടി കൃഷ്‌ണറാവു, ഇ തീപ്പായ്‌ന്താന്‍, എ നമശിവായം എന്നിവരാണ് മുന്‍പ് നാരായണസ്വാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി എംഎല്‍എ സ്ഥാനം രാജിവച്ചത്.
രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തില്‍ വന്ന അഭിപ്രായവ്യത്യാസമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലെത്തിച്ചത്. നിലവില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ഡിഎംകെ എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണുളളത്.