മുംബൈ: ടൂള്‍ കിറ്റ് കേസില്‍ ശാന്തനു മുളുക്കിന് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. ഔറംഗാബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന്റെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റിവച്ചു.
അതിനിടെ കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. ഡല്‍ഹി പൊലീസിന് എതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ദിഷ രവിക്ക് എതിരെ കേസെടുത്തത്. ദിഷ രവിക്ക് അഭിഭാഷകനെ അനുവദിക്കാതിരുന്നത് വീഴ്ചയെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.
അതേസമയം, നിരവധി പേരാണ് ദിഷയുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയത്. നേരത്തെ ദിഷയെ വിട്ടയക്കണമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു. ആയുധം കയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. നിരായുധയായ പെണ്‍കുട്ടി ധൈര്യത്തിന്റെ കിരണങ്ങള്‍ എല്ലാവരിലും പരത്തുകയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.