കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ അഞ്ചു രൂപയ്ക്ക് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന ‘മാ’ പദ്ധതിക്ക് തുടക്കമിട്ട് മമത ബാനര്‍ജി. ഒരു പാത്രം ചോറ്, പരിപ്പ്, പച്ചക്കറി വിഭവം, ഒരു മുട്ടക്കറി എന്നിവ അഞ്ചു രൂപയ്ക്ക് ലഭിക്കും. ഒരു പ്ലേറ്റിന് 15 രൂപ സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മമത പറഞ്ഞു.
സ്വയംസഹായ സംഘങ്ങള്‍ മുഖേനെയാണ് ഭക്ഷണം പാകം ചെയ്യലും വിതരണവും. സംസ്ഥാനമൊട്ടാകെ മാ കിച്ചണുകള്‍ വ്യാപിപ്പിക്കുമെന്നും മമത അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് വരെയാകും ഇത്തരം അടുക്കളകള്‍ പ്രവര്‍ത്തിക്കുക. സ്വാശ്ര്യ സംഘങ്ങള്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം അടുക്കളകള്‍ സ്ഥാപിക്കും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമായ മാ, മാതി, മനുഷ് (അമ്മ, മണ്ണ്, ജനം) എന്നതില്‍ നിന്നാണ് ‘മാ’ പദ്ധതിയുടെ വരവ്.
സൗജന്യ റേഷനും, സൗജന്യ ആരോഗ്യ പരിരക്ഷയും സൗജന്യ വിദ്യാഭ്യാസവും നല്‍കുന്ന ഏക സംസ്ഥാനം ബംഗാളാണെന്നും സംസ്ഥാനത്തെ 10 കോടി ജനങ്ങള്‍ സ്വാസ്ഥ്യ സാഥി കാര്‍ഡിന്റെ ഗുണഭോക്താക്കളാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
ജയലളിത മുഖ്യമന്ത്രിയായിരിക്കെ തമിഴ്നാടിലാണ് അമ്മ ഊണവഗം എന്ന പേരില്‍ ആദ്യമായി സഹായവിലയില്‍ ഭക്ഷണം വിതരണം ആരംഭിച്ചത്. ഒഡിഷ, കര്‍ണാടക, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും ഈ മാതൃക പിന്‍തുടര്‍ന്നു.