സര്‍വ്വവ്യാപിയായ പ്രണയം പറയാനും പങ്കുവയ്ക്കാനുമായി വീണ്ടുമൊരു പ്രണയ ദിനം കൂടി സമാഗതമായിരിക്കുന്നു. പരസ്പരം ഹൃദയം കൈമാറിയും സമ്മാനങ്ങള്‍ നല്‍കിയും പരിശുദ്ധ പ്രണയത്തെ കൂടുതല്‍ ദൃഢമാക്കുന്ന വാലന്‍റൈന്‍സ് ദിനം കമിതാക്കള്‍ക്ക് എന്നും സവിശേഷമാണ്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് എന്ന വില്ലന്‍ ജീവിത സാഹചര്യങ്ങള്‍ മാറ്റി മറിച്ചപ്പോള്‍ പ്രോട്ടോകോളുകളും മാസ്കും സാനിറ്റൈസറും മാനുഷിക വികാരങ്ങള്‍ക്ക് വിലങ്ങുതടിയായി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും ലോക്ക് ഡൗണുമൊക്കെ പ്രണയബന്ധങ്ങളെ സ്വാധീനിച്ചുവോ? കൊറോണക്കാലത്തെ പ്രണയാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ചിലര്‍…
“പരസ്പരം കാണാതെയുള്ള പ്രണയമാണ് ഏറ്റവും അമൂല്യമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനാൽ തന്നെ കോവിഡ് പ്രതിസന്ധി പ്രണയത്തെ ബാധിച്ചുവെന്ന് തോന്നുന്നില്ല. ഏറെ നാളുകൾക്ക് ശേഷം പരസ്പരം കാണുമ്പോൾ കണ്ണുകളിൽ കണ്ണീർ നിറയുകയോ ചുണ്ടിൽ പുഞ്ചിരി വിരിയുകയോ ചെയ്യുന്നെങ്കില്‍ അതാണ് കളങ്കമില്ലാത്ത പ്രണയം. ആ ഒരു തുള്ളി കണ്ണീരിനും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്കും ഉണ്ടാകും പറയാൻ ആയിരം കഥകൾ…
…ദീർഘ നേരത്തെ ഒരു കെട്ടിപ്പിടുത്തം മതി അതുവരെ കടന്നു പോയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ. കോവിഡിന് എന്നല്ല ഒരു പ്രതിസന്ധിക്കും യഥാർത്ഥ പ്രണയത്തെ തകർക്കാൻ കഴിയില്ല. സമൂഹിക അകലവും മാസ്ക്കും യഥാർത്ഥ പ്രണയത്തിന് ഒരു പ്രശ്നമാകുകയില്ല. ലൈംഗികതയെ പ്രണയമായി കാണുന്നവർക്ക് മാത്രമേ കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയുള്ളൂ എന്നാണ് എന്‍റെ തോന്നൽ. പ്രണയത്തെ പ്രണയമായി കണ്ടാൽ കോവിഡിനെ മാത്രമല്ല പ്രളയത്തെ പോലും അതിജീവിക്കാൻ സാധിക്കും”
അന്‍കിത കുറുപ്പ്, തിരുവനന്തപുരം
“കൊറോണ വന്നപ്പോൾ മുംബൈയിലെ ക്യാമ്പസ്സിൽ നിന്ന് രണ്ടുപേരുടെയും വീടുകളിലേക്ക് മടങ്ങേണ്ടി വന്നു. പെട്ടന്നു തന്നെ തിരിച്ചു വരാൻ കഴിയും എന്നാണ് കരുതിയത്. പക്ഷെ, പിന്നീട് 6-7 മാസത്തോളം നേരിട്ട് കാണാൻ പറ്റിയില്ല. ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ് ശീലമില്ലാത്ത ഞങ്ങൾക്ക് തുടക്കം ബുദ്ധിമുട്ടുമായിരുന്നു. വീഡിയോ കാൾ, വാട്ട്സ്ആപ്പ് ചാറ്റ് എന്നിവ ഒരു പരിധി വരെ ഉപകാരപ്രദമായി, അടുത്തുണ്ടെന്നു തോന്നിക്കാൻ. മാർച്ചിൽ കൊറോണ കാരണം പിരിഞ്ഞതിന് ശേഷം ഒരുവട്ടം മാത്രമാണ് നേരിൽ കണ്ടത്”
വൈശാഖന്‍, മലപ്പുറം
“കൊറോണ എന്നല്ല… ഏതൊരു പ്രതിസന്ധി വന്നാലും അത് പ്രണയം എന്ന വികാരത്തെ ബാധിക്കുമെന്ന് ഒട്ടും തോന്നിയിട്ടില്ല. കൊറോണ വന്നാലും പോയാലും പ്രണയം ‘പ്രണയം ‘തന്നെയല്ലേ? Social distance, mask, sanitizer(SMS)… ഇതല്ലേ കൊറോണയിൽ നിന്നും രക്ഷനേടാൻ നിലവിൽ ലോകം ഉപയോഗിച്ച് വരുന്ന ആയുധം. ആ പ്രോട്ടോകോൾ വന്നപ്പോൾ ആളുകൾ തമ്മിലുള്ള ശാരീരിക അകലം കൂടി എന്നത് സത്യമാണ്. പക്ഷെ, അത്കൊണ്ട് മനസ്സുകൾ തമ്മിൽ അകലം വരുന്നില്ല. മാസ്ക് വെച്ച് മുഖമല്ലേ മറയ്ക്കുന്നത്. പ്രണയം സൂക്ഷിക്കുന്ന ഹൃദയങ്ങളല്ലല്ലോ? പിന്നെ പണ്ടാരോ പറഞ്ഞപോലെ കണ്ണിൽ കൂടിയല്ലേ ഏറ്റവും മനോഹരമായി പ്രണയം കൈമാറുന്നതും…
…കണ്ണകന്നാൽ മനസ്സ് അകലും എന്നതല്ല, അകന്നിരുന്നാലേ സ്നേഹത്തിന് ആഴം കൂടൂ എന്ന് തിരുത്താം. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ ഇരുന്നപ്പോൾ പല കുടുംബ ബന്ധങ്ങളും കൂടുതല്‍ മനോഹരമായി എന്ന് തോന്നിയിട്ടുണ്ട്. കാണാൻ കഴിയില്ലെങ്കിലും സഹായിക്കാൻ സോഷ്യൽ മീഡിയയും വാട്സ്ആപ്പും വീഡിയോ കോളുമെല്ലാം രക്ഷയ്ക്കായെത്തി. നേരിട്ട് മുഖത്തോട് മുഖം നോക്കി സംസാരിച്ച കാലത്ത് നിന്ന് വാട്സ്ആപ്പ് വീഡിയോ കോളിലേക്ക് എന്നത് മാത്രമാണ് വ്യത്യാസം”
രേവതി പടവുങ്കല്‍, എറണാകുളം
“കണ്ണുകൾ തമ്മിലകന്നാൽ മനസ്സുകൾ അകന്നു എന്ന പഴമൊഴി ഇന്ന് നിലനിൽക്കുന്നേ ഇല്ല. വെർച്വൽ റിയാലിറ്റിയിലൂടെ പെണ്ണുകാണൽ ചടങ്ങുകൾ വരെ നടക്കുന്നു. ആയതിനാൽ, സ്നേഹബന്ധങ്ങളിലെ ഭൗതികമായ ഇടപെടൽ മുന്‍പത്തെക്കാൾ കുറവാണ്. വീഡിയോ കോളിങ്ങും ചാറ്റിങ്ങും നമ്മളില്‍ വളരെയധികം സ്വാധീനം ചെലുത്തിയ കാലഘട്ടത്തിലാണല്ലോ കൊറോണയുടെ കടന്ന് വരവ്. അതുകൊണ്ട് പരസ്പരമുള്ള ആശയവിനിമയത്തില്‍ വലിയ തോതിൽ സ്വാധീനം ചെലുത്താൻ കൊറോണയ്ക്ക് കഴിഞ്ഞില്ലെന്ന് തോന്നുന്നു…
…പ്രണയത്തിനു നിയമങ്ങൾ ഒന്നും തന്നെ ബാധകമല്ല. പരസ്പരം മനസ്സിലാക്കിയാണ് ഓരോ വ്യക്തിയും സ്നേഹബന്ധങ്ങളിലേർപ്പെടുന്നത്. വ്യക്തികൾ എന്നാൽ സമൂഹത്തിന്‍റെ കണ്ണികളാണുതാനും. നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം, പൊതുസ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം സമൂഹത്തിലെ നാനാവിധ വിഭാഗങ്ങൾക്ക് എന്നപോലെ കമിതാക്കൾക്കും കുറച്ചൊക്കെ അലോസരമുണ്ടാക്കിയിരിക്കാം. പക്ഷെ സാമൂഹിക പ്രതിബന്ധത എന്ന വസ്തുത എല്ലാവരിലും നിക്ഷിപ്‌തമായതിനാൽ വളരെ പക്വതയോടെയേ കമിതാക്കളും പ്രവത്തിച്ചിട്ടുള്ളൂ”
ഗോപിദാസ്, ഗോപിക, പാലക്കാട്
“കോവിഡ് കാലത്ത് പ്രണയം വെർച്വൽ ഇടങ്ങളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. എന്നാൽ ഈ മാറ്റത്തിനു ഒരു ‘പാരലൽ സ്പേസ്’ ഉണ്ടാക്കിയെടുക്കുവാൻ കഴിഞ്ഞില്ല. അതിനോട് അഡ്ജസ്റ്റ് ചെയ്തു ജീവിക്കേണ്ടി വന്നു. ‘ഫിസിക്കൽ ഇന്‍റിമസി’യുടെ അഭാവം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രണയത്തെയാണ്. വെർച്വല്‍ ഇടങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു. അതുകൊണ്ട് തന്നെ ആശയവിനിമയം കാര്യക്ഷമമായോ എന്നത് പരിശോധിക്കണം”
അനുഗ്രഹ്, പത്തനംതിട്ട
“പ്രണയമില്ലാത്ത എന്നെപ്പോലുള്ളവർക്ക് സമാധാനത്തോടെ ഉറങ്ങുവാൻ സാധിച്ചു. കമിതാക്കളുടെ സല്ലാപവും കറക്കവും ട്രീറ്റ് ചെയ്യലും, സമ്മാനം കൊടുക്കലും. എന്തിന് കമിതാക്കൾക്ക് ഒന്ന് നേരിട്ട് കാണുവാൻ പോലും അവസരം ഉണ്ടാക്കി കൊടുക്കാതിരുന്ന കൊറോണയോട് പ്രണയം തോന്നുന്നു. പ്രണയത്തിൽ പ്രോട്ടോക്കോളുകൾ കടന്നുവന്നപ്പോൾ പാർക്കുകളിലും ബീച്ചുകളിലും ഞങ്ങള് ‘സിംഗിൾ പസങ്ക’കൾക്ക് തണലത്തിരുന്ന് കപ്പലണ്ടി കൊറിക്കുവാനുള്ള ഇരിപ്പിടം ലഭിച്ചു. വൺവേ പ്രണയമായതിനാൽ എന്‍റെ പ്രണയങ്ങൾക്ക് കോവിഡിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ സാധിച്ചില്ല”
അജീഷ് ആന്‍റണി, കണ്ണൂര്‍
“ഞങ്ങളുടേത് ലോങ്ങ് ഡിസ്റ്റൻസ് റിലേഷന്‍ഷിപ്പ് ആയതുകൊണ്ട് കൊറോണ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് തന്നെ വേണം പറയാൻ. കോറോണയ്ക്ക് മുന്നേ ഞാൻ മുംബൈയിലും അവൻ കേരളത്തിലും ആയിരുന്നു. എന്നാലും നാട്ടിൽ ഉള്ളപ്പോൾ മാസത്തിൽ ഒരിക്കൽ എങ്കിലും കാണാൻ പറ്റിയിരുന്നു. പക്ഷെ കൊറോണ തുടങ്ങിയപ്പോൾ രണ്ടാളും അടുത്ത് ഉണ്ടായിട്ട് പോലും 6-7 മാസം കഴിയേണ്ടി വന്നു നേരിൽ കാണാൻ. നമ്മൾ ഓരോരുത്തരും എപ്പൊ കാണണം എന്നുള്ളത് കോറോണയുടെ കയ്യിൽ ആയി ഇപ്പോൾ”
അഞ്ജലി ബി, പാലക്കാട്
“കൊറോണ പ്രണയത്തെ ബാധിച്ചില്ല എന്ന് പറയാം. കൊറോണ കാരണം കാണലോ മിണ്ടലോ നടന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങൾ വഴിയുള്ള ആശയവിനിമയം കൂടി. കൂടുതൽ സംസാരിക്കാൻ കഴിഞ്ഞത് കൊണ്ട് കൂടുതൽ അറിയാൻ കഴിഞ്ഞു. കോളേജിൽ പോകാൻ കഴിയാതെ വന്നതും സോഷ്യൽ ഡിസ്റ്റൻസിങ്ങുമൊക്കെ പ്രണയിക്കുന്നവരെ ബാധിച്ചെങ്കിലും സമൂഹ മാധ്യമങ്ങള്‍ അതിനൊരു പരിഹാരമായിട്ടുണ്ട്”
ആസിയ മിള്‍ട്ടണ്‍, തൃശ്ശൂര്‍
“പ്രണയം ഒരു സ്വര്‍ഗീയ വികാരമാണെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ കൊറോണ കാലം പ്രണയത്തെ ബാധിച്ചുവെന്ന് കരുതുന്നില്ല. പരസ്പരം കാണാനും അടുത്തിരിക്കാനും ഉള്ള സാഹചര്യം കുറഞ്ഞിട്ടുണ്ടാവാം പക്ഷെ യഥാര്‍ത്ഥ പ്രണയത്തിന് ഇതൊന്നും ഒരു തടസമേയല്ല. രണ്ട് മനസുകള്‍ തമ്മില്‍ സല്ലപിക്കാന്‍ മറ്റൊരാളുടെ സഹായം ആര്‍ക്കും ആവശ്യമില്ലല്ലോ. പ്രണയം കണ്ണുകളില്‍ കൂടി മഴയായി പെയ്തിറങ്ങും. അതിന് സാമൂഹ്യ അകലവും മാസ്‌ക്കും ഒന്നും ബാധകമല്ല…
…കോവിഡ് നമ്മുടെ സാഹചര്യത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ശരിയാണ്, പക്ഷെ ഒരു പ്രതിസന്ധിയ്ക്കും യഥാര്‍ഥ പ്രണയത്തെ തകര്‍ക്കാന്‍ കഴിയില്ല. അകന്നിരുന്നാലേ സ്നേഹത്തിന് ആഴം കൂടൂവെന്നും ഓര്‍ക്കണം. അതുപോലെ തന്നെ ഈ ലോക്ക് ഡൗണ്‍ കാലത്ത് വീടുകളില്‍ ഇരുന്നപ്പോഴാണ് പലര്‍ക്കും പരസ്പരം കൂടുതല്‍ അടുത്ത് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് കൊറോണ കാലം പ്രണയത്തെ പൂര്‍ണമായും വിഴുങ്ങിയെന്ന് പറയാന്‍ കഴിയില്ല. കോവിഡിനെ എന്നല്ല ഏത് പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാന്‍ പ്രണയത്തിന് സാധിക്കും”
പ്രവീണ്‍ കുമാര്‍, മസ്കറ്റ്
“സ്നേഹം സത്യമാണെങ്കില്‍ സ്നേഹിക്കുന്നവരെ ഒരു ശക്തിക്കും വേര്‍പ്പെടുത്താനാവില്ല. അത് ജാതിയായാലും മതമായാലും കൊറോണയായാലും ശരി. കൊറോണ ഒരിക്കലും പ്രണയത്തെ ബാധിക്കുന്നില്ല. നേരില്‍ കാണുന്നില്ലെങ്കിലും ഹൃദയങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ടേയിരിക്കും. പിന്നെ വിളിക്കാനും സംസാരിക്കാനും സമയം തികയാത്തവര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്തൊക്കെ അധിക നേരം ഒരുമിച്ച് ചെലവഴിക്കാനും സാധിച്ചു. ഷേക്സ്പിയര്‍ പറഞ്ഞതുപോലെ “course of true love never did runs smooth”(യഥാര്‍ത്ഥ സ്നേഹം ഒരിക്കലും സുഗമമായി നീങ്ങില്ല). അഥവ അങ്ങനെപോയാല്‍ നേടിയെടുത്ത സ്നേഹത്തിന് മൂല്യമില്ലാതെയാകും”
ആല്‍ഫിയ, കൊല്ലം
“എന്‍റെ പ്രണയത്തെ ലോക്ക്ഡൗണ്‍ ഒരു തരത്തിലും ബാധിച്ചില്ല എന്നു വേണം പറയാൻ. ഞാൻ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആണ്, അവൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടറും. പരസ്പരം കാണുന്നതിനും സംസാരിക്കുന്നതിനും പ്രശ്നം ഉണ്ടായിരുന്നില്ല. കാണുമ്പോൾ രണ്ടു പേരും മാസ്‌ക് ധരിച്ചിരിക്കും എന്നല്ലാതെ വേറെ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല”
രാഹുല്‍, നീനു, തിരുവനന്തപുരം
“കൊറോണ പ്രണയത്തെ നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. കാരണം ആക്റ്റീവ് റിലേഷൻഷിപ്സ് ഉണ്ടാകുന്നത് കോളേജ് ലൈഫിൽ ആണല്ലോ. കോളേജുകൾ അടച്ചതോടെ പരസ്പരം കാണാൻ പറ്റുന്നില്ല. കൂടുതൽ അടുത്തിടപഴകാൻ പറ്റുന്നില്ല. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ മുഖേനയും മാത്രമേ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്നുള്ളൂ. എന്തായാലും കോവിഡ് വന്നതോടെ നമ്മള്‍ കൂടുതൽ ഹെൽത്തി ആയിരിക്കണം ക്ലീൻ ആയിരിക്കണം എന്നൊരു ചിന്ത വന്നിട്ടുണ്ട്”
വിവേക് രാജന്‍, സേതുലക്ഷ്മി, കൊല്ലം
“കോവിഡ് കാരണം സ്ഥിരമായി കാണുന്നവരെ കാണാൻ പറ്റാതെയായി. അടുത്ത് ഇരിക്കാനോ ഒന്നിച്ച് സമയം ചെലവിടാനോ പറ്റാതെയായി. സ്വസ്ഥമായി ഇരിക്കുവാൻ പറ്റുന്ന എല്ലാ ഇടങ്ങളും അടയ്ക്കപ്പെട്ടു”
ജോസഫ് സൈമണ്‍, എറണാകുളം
“കൊറോണ കാരണം കണ്ടുമുട്ടലുകൾ എല്ലാം വെർച്വല്‍ ആയി. പൊതു ഇടങ്ങളിൽ ഉള്ള സന്ദർശനം കുറഞ്ഞു. വളരെ മാറ്റങ്ങൾ ഉണ്ടായെങ്കിലും പ്രണയം നിലനിൽക്കാൻ എന്നും കാണണമെന്നോ സംസാരിക്കണമെന്നോ ഇല്ല. അതിലുപരിയാണ് തന്‍റെ പങ്കാളിയോടുള്ള വിശ്വാസം”
മോസസ് യേശുദാസ്, എറണാകുളം
കൊറോണക്കാലത്ത് പ്രണയം പോലും വെര്‍ച്വല്‍ ആയി എന്നതാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സമൂഹമാധ്യമങ്ങളില്‍ എല്ലാവരും സജീവമായപ്പോള്‍ അകലെയാണെങ്കിലും അരികിലുണ്ടെന്ന പ്രതീതിയുളവായെന്നതും വ്യക്തമാണ്. അതായത്, പ്രണയത്തെ വെല്ലാനൊന്നും കൊറോണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് സാരം. പക്ഷെ, മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും ഇത്തവണ പ്രണയ ദിനത്തില്‍ പങ്കുവയ്ക്കാനുള്ള ഓര്‍മ്മകള്‍. പ്രണയം കൊതിക്കുന്ന…പ്രണയം തുറന്നു പറയാന്‍ കാത്തിരിക്കുന്ന…പ്രണയിക്കുന്ന മനസ്സുകള്‍ക്ക് ആശംസകള്‍.