പുതിയ പരിശീലകനെ കണ്ടെത്തി ബെംഗളൂരു എഫ് സി . കാർലസ് കുട്രറ്റിന് പകരക്കാരനായി ഇറ്റാലിയൻ പരിശീലകനായ മാർകോ പസയോളി ആണ് ബെംഗളൂരു എഫ് സിയിൽ എത്തുക . മൂന്ന് വർഷത്തെ കരാറിലാണ് മാർകോ എത്തുന്നത്.
ഇറ്റലിക്കാരൻ ആണെങ്കിലും ജർമ്മനിയിലായിരുന്നു പസയോളിയുടെ ജീവിതവും കരിയറും. അവസാനമായി ബുണ്ടസ് ലീഗ ക്ലബായ ഫ്രാങ്ക്ഫർടിന്റെ ടെക്നിക്കൽ ഡയറക്ടറായാണ് അദ്ദേഹം പ്രവർത്തിച്ചത്.
ഏപ്രിലിൽ നടക്കുന്ന എ എഫ് സി കപ്പ് ആദ്യ ഘട്ട മത്സരങ്ങളോടെ ആകും പസയോളി ചുമതലയേൽക്കുക. അതുവരെ സഹ പരിശീലകൻ മൂസ തന്നെയാകും ബെംഗളൂരു എഫ് സിയെ നയിക്കുക. ജർമ്മൻ യൂത്ത് ടീമുകളെയും അതുകൂടാതെ 2008ലെ ജർമ്മനിയുടെ യൂറോ കപ്പ് ടീമിന്റെ അനലിസ്റ്റായും പസയോളി പ്രവർത്തിച്ചിട്ടുണ്ട്.
ഹോഫൻഹെയിമിന്റെ സഹപരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫർമീനോ, സിഗുർഡസ്ൺ, അലാബ, ഗോട്സെ, ലെനോ തുടങ്ങി പല പ്രമുഖ താരങ്ങളെയും ഇദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.