ന്യൂഡൽഹി: കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ തീയതികൾ ഈ മാസം 15 ന് ശേഷം പ്രഖ്യാപിക്കും. വോട്ടെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തെക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ പര്യടനം ആരംഭിക്കാനിരിക്കുകയാണ്. തെക്കൻ സംസ്ഥാനങ്ങളിലെ പര്യടനം ഫെബ്രുവരി 15 ന് അവസാനിച്ചതിനുശേഷം നാല് സംസ്ഥാനങ്ങളുടെയും ഒരു കേന്ദ്രഭരണ പ്രദേശത്തിന്റെയും വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.
വിശദമായ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ഫെബ്രുവരി അവസാനത്തോടെയോ മാർച്ച് ആദ്യമോ പ്രഖ്യാപിച്ചേക്കാം. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്നാണ് റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആറ് മുതൽ എട്ട് ഘട്ടങ്ങളിലായും അസമിൽ രണ്ട് മുതൽ മൂന്ന് ഘട്ടങ്ങളിലായും നടക്കാനാണ് സാധ്യത. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ഒരേ ദിവസം നടക്കും.
പശ്ചിമ ബംഗാളിലെയും അസമിലെയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തിക്കഴിഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കും. ഏപ്രിൽ അവസാനത്തോടെ വോട്ടെടുപ്പ് പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നതിനാൽ, മാർച്ച്, ഏപ്രിൽ മാസങ്ങൾ പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കും. മെയ് ഒന്നിന് മുമ്പ് എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നത്.