ന്യൂ ഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റേയും മാധ്യമപ്രവര്‍ത്തകരുടേയും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. രണ്ടാഴ്ചയക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച കോടതി, അതുവരെ തരൂരിനെയും ആറ് മാദ്ധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കി.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ശശി തരൂര്‍ അടക്കമുള്ളവര്‍ക്കെതിരെ നോയ്ഡ പൊലീസ് കേസെടുത്തത്.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശശി തരൂരിന് പുറമെ മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, രജ്ദീപ് സര്‍ദേശായി, വിനോദ് ജോസ്, സഫര്‍ ആഘ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ചീഫ് ജസ്റ്റിന് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തരൂരിന്റെ അറസ്റ്റ് തടഞ്ഞത്. ഡല്‍ഹി പൊലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായപ്പോള്‍, പ്രതിഭാഗത്തിനായി കപില്‍ സിബല്‍ ഹാജരായി. കേസ് പരിഗണിക്കുന്നതുവരെ നടപടി സ്വീകരിക്കരുതെന്ന സിബലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.