ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ് പ്രമേയം പാസാക്കി. തെലങ്കാനയിലെ 33 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്തു.
തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മാണിക്കം ടാഗോര്‍, തെലങ്കാന കോണ്‍ഗ്രസ്(ടി.പി.സി.സി) അധ്യക്ഷന്‍ എന്‍. ഉത്തം കുമാര്‍ റെഡ്ഢി, കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ഭാട്ടി വിക്രമര്‍ക്ക മറ്റ് മുതിര്‍ന്ന എ.ഐ.സി.സി, ടി.പി.സി.സി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ 33 ഡി.സി.സി അധ്യക്ഷന്‍മാര്‍ പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
നേരത്തേ ഡല്‍ഹി, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് കമ്മിറ്റികളും രാഹുല്‍ അധ്യക്ഷനാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു.
2017ല്‍ രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവി അലങ്കരിച്ചെങ്കിലും 2019ല്‍ പാര്‍ട്ടിക്കേറ്റ ദയനീയ തോല്‍വിയെ തുടര്‍ന്ന് സ്ഥാനം രാജി വെക്കുകയായിരുന്നു. തുടര്‍ന്ന് സോണിയ ഗാന്ധി പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റു. പിന്നീട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയാറായിട്ടില്ല.