സോലാപുര്‍: മഹാരാഷ്ട്രയില്‍ ബിജെപി നേതാവിന് നേരെ കരിഓയില്‍ ആക്രമണം. സോലാപുരിലാണ് സംഭവം. ബിജെപി നേതാവ് ശിരിഷ് കടേക്കറിനെയാണ് ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കരിഓയിലില്‍ കുളിപ്പിച്ച ശേഷം പൊതുനിരത്തിലൂടെ നടത്തിയും സാരിയുടുപ്പിച്ചും ചെരുപ്പൂരിയടിച്ചും അപമാനിച്ചു.
സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസെടുത്തതായും എല്ലാവരെയും അറസ്റ്റ് ചെയ്തതായും സോലാപുര്‍ പൊലീസ് അറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചതിനാണ് ശിരിഷിനെ കരിഓയിലില്‍ കുളിപ്പിച്ചതെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ശിവസേന നേതാവ് പുരുഷോത്തം ബര്‍ഡെ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി ബില്‍ കൂടി വരുന്നതിനെ വിമര്‍ശിച്ച ശിരിഷ്, സംസ്ഥാനം ഭരിക്കാന്‍ ഉദ്ധവ് യോഗ്യനല്ലെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതാണ് ശിവസേന പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.