പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ദൈവ പ്രീതിക്ക് വേണ്ടിയെന്ന് എഫ്‌ഐആര്‍. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകന്‍ ആമിലിനെ വീട്ടിനകത്തെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മദ്രസാ അധ്യാപികയായ ഷാഹിദ ബോധപൂര്‍വമാണ് കൊല നടത്തിയതെന്നും പാലക്കാട് ടൗണ്‍ സൗത്ത് പോലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുലർച്ചെ നാലുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഒപ്പം കിടന്നുറങ്ങിയ ആറ് വയസ്സുകാരനെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത് കൊന്നത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും മറ്റ് രണ്ടു കുഞ്ഞുങ്ങളും സംഭവം അറിഞ്ഞിരുന്നില്ല.
കൃത്യത്തിന് ശേഷം പുറത്തിറങ്ങിയ ഷാഹിദ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് വിവരമറിയിച്ചു. ദൈവകൽപ്പന പ്രകാരമാണ് കൃത്യം ചെയ്തതെന്ന് ഷാഹിദ പൊലീസിനോട് പറഞ്ഞു. ഷാഹിദക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആദ്യഘട്ടത്തില്‍ നാട്ടുകാരും ബന്ധുക്കളും ഇക്കാര്യങ്ങള്‍ വിശ്വസിച്ചിരുന്നില്ല. അന്ധവിശ്വാസി അല്ലെന്നും എന്നാല്‍ അവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന സംശയമുണ്ടെന്നും ആയിരുന്നു നാട്ടുകാര്‍ പറഞ്ഞത്. തുടക്കത്തില്‍ പോലീസും ബലി നല്‍കിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അതിരാവിലെ തനിക്ക് ദൈവ വിളി ഉണ്ടായെന്നും മൂന്നാമത്തെ കുഞ്ഞിനെ ബലി നല്‍കിയതാണെന്നും ഷാഹിദ പോലീസിനെ അറിയിച്ചത്.
മൂന്ന് മാസം ഗര്‍ഭിണിയായ ഷാഹിദ ലോക്ക്ഡൗണ്‍ കാലംവരെ തൊട്ടടുത്ത മദ്രസയിലെ അധ്യാപികയായിരുന്നു. ഭര്‍ത്താവ് സുലൈമാന്‍ ഗര്‍ഫില്‍നിന്ന് തിരിച്ചെത്തി ഡ്രൈവറായി ജോലി നോക്കുകയാണ്. കുടുംബപ്രശ്നങ്ങളും ഇവരെ അലട്ടിയിരുന്നതായി നാട്ടുകാരും പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.