ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. സത്യം പറയുന്നവരെ ദേശവിരുദ്ധരായും രാജ്യദ്രോഹികളായും മോദിസര്‍ക്കാര്‍ മുദ്രകുത്തുകയാണെന്ന് രാജ്യസഭയില്‍ അദ്ദേഹം ആരോപിച്ചു. അവകാശത്തിനുവേണ്ടി പോരാട്ടം നടത്തുന്ന കര്‍ഷകരെ ദേശവിരുദ്ധരായും ഖലിസ്ഥാനികളായും മുദ്രകുത്തുന്നു.
സത്യം എന്താണെന്ന് മനസിലാക്കാന്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭ്യര്‍ത്ഥിക്കുന്നത് നാം കണ്ടു. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി നാം സത്യം എന്താണെന്ന് മനസിലാക്കുകയാണ്. അസത്യം സത്യമായി മാറുന്നു. സത്യം എഴുതുന്നവരെയെല്ലാം രാജ്യദ്രോഹികളായും ദേശവിരുദ്ധരായും ചിത്രീകരിക്കുന്നതാണ് ഇന്ത്യയില്‍ നിലവില്‍ ഉള്ളത്. സര്‍ക്കാരിനോട് ചോദ്യം ചോദിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയാണെന്നും ശശി തരൂര്‍, സഞ്ജയ് സിംഗ് എന്നീ എംപിമാരുടെയും മാദ്ധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും പേരിലുള്ള കേസുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എല്ലാ വ്യവസ്ഥകളും രാജ്യദ്രോഹക്കുറ്റങ്ങള്‍ ചേര്‍ത്ത് മോദി സര്‍ക്കാര്‍ പരിഷ്‌കരിച്ചുവെന്നാണ് തോന്നുന്നത്. ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാം എന്ന സ്ഥിതിയാണ്. ഗാര്‍ഹിക പീഡന കേസുകളില്‍പ്പോലും ബിജെപി സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. എന്നാല്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച് രഹസ്യ വിവരങ്ങള്‍ പുറത്തുവിടുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും അര്‍ണബ് ഗോസ്വാമിയുടെയും ബാര്‍ക്ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസ്ഗുപ്തയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം ആരോപിച്ചു.
അര്‍ണബ് ഗോസ്വാമിയേയും കങ്കണ റണാവത്തിനെയും പോലെയുള്ളവരെ ദേശസ്‌നേഹികളായാണ് മോദി സര്‍ക്കാര്‍ ചിത്രീകരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ കര്‍ഷകര്‍ക്കെതിരേ 200 ലേറെ കേസുകള്‍ എടുക്കുകയും നൂറോളം യുവാക്കളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുഖ്യപ്രതി ദീപ് സിദ്ദുവിനെ ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.