ന്യൂഡല്‍ഹി: ട്വിറ്ററിന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്രം ട്വിറ്റര്‍ അധികൃതരെ അറിയിച്ചു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകളും അക്കൗണ്ടുകളും മരവിപ്പിച്ചത് ഏകപക്ഷീയമായി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയെന്ന് കേന്ദ്രം പറഞ്ഞു.
കോടതിയുടെ ചുമതല സമൂഹമാധ്യമങ്ങള്‍ വഹിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവുകളെ തകിടം മറിക്കാന്‍ ട്വിറ്ററിനെ അനുവദിക്കില്ലെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി.
കര്‍ഷകരുടെ കൂട്ടക്കൊലയ്ക്ക് മോദി പദ്ധതിയിടുന്നു എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളും റീട്വീറ്റുകളും ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് 250 ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിങ്കളാഴ്ച മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അധികൃതരെ കേന്ദ്രം വിളിച്ചുവരുത്തി.
അതേസമയം കേന്ദ്രനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.