മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും ഗുണ്ടാത്തലവന് കരിംലാലയുടെ ബന്ധുവുമായ ചിങ്കു പഠാന് എന്ന പര്‍വേസ് ഖാൻ (40) പിടിയിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ലഹരിമരുന്നു കേസില്‍ ഇയാളെ പിടികൂടിയത്. ഘന്‍സോളിയിലെ വസതിയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ദക്ഷിണ മുംബൈയിലെ ഡോംഗ്രിയിലും പരിസരങ്ങളിലും നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ രണ്ടു കോടി രൂപയുടെ കണക്കില്‍പ്പെടാത്ത കറന്‍സിയും കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്നും കൈത്തോക്കുകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ സൊഹൈല്‍ സയ്യദ്(34), സിഷാന്(32) എന്നിവരില്‍നിന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡിന് പഠാന്റെ പങ്കിനെക്കുറിച്ചു സൂചന ലഭിച്ചത്.