ന്യൂ ഡല്‍ഹി: കര്‍ഷക വിരുദ്ധ നടപടികള്‍ പൊലീസ് അവസാനിപ്പിക്കാതെ കേന്ദ്രവുമായി ചര്‍ച്ചയ്ക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പൊലീസ് കസ്റ്റഡിയിയുള്ള 122 പേരെ വിട്ടയക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചതിലൂടെ അറിയാനുള്ള അവകാശമാണ് പൊലീസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
അറുപത്തിയൊമ്ബതാം ദിവസത്തിലേക്ക് കടന്ന കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ശക്തമായി മുന്നോട്ട് പോകാനാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകസംഘടനകള്‍ ശനിയാഴ്ച്ച രാജ്യവ്യാപകമായി വഴി തടയല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 12 മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് സമരം.
അതേസമയം, കര്‍ഷക സമരത്തെ ദുര്‍ബലപ്പെടുത്താന്‍ ദുര്‍ബലപ്പെടുത്താന്‍ പഞ്ചാബില്‍നിന്നും ഹരിയാനയില്‍നിന്നും ഡല്‍ഹിയിലേക്ക് വരുന്ന ലോക്കല്‍ ട്രെയിനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ട്രെയിനുകളില്‍ കൂടുതല്‍ കര്‍ഷകരെത്താനുളള സാദ്ധ്യത മുന്നില്‍ കണ്ടാണ് നടപടി. യുപിയില്‍ നിന്നും വരുന്ന ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.