ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിയിലെ സ്ഫോടനത്തിന് പിന്നാലെ നയന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ക്ക് നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നരേന്ദ്രമോദിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയപ്പോഴായിരുന്നു നെതന്യാഹു നന്ദി അറിയിച്ചത്.
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും നെതന്യാഹു അഭിനന്ദിച്ചു. സ്വന്തം രാജ്യത്ത് വാക്സിന്‍ നിര്‍മിക്കുകയും അത് വേഗത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്തതിനാണ് മോദിയെ നെതന്യാഹു അഭിനന്ദിച്ചത്. വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലും സാധ്യമായ സഹകരണങ്ങളെ കുറിച്ചും, വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തെ കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഇസ്രായേലിലെ വാക്സിന്‍ വിതരണം വിജയകരമായതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നെതന്യാഹുവിനെ അഭിനന്ദിച്ചു.