ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മല്‍ക്കയെ വധിക്കുമെന്ന് ഭീഷണി. ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ കുറിപ്പിലാണ് വധഭീഷണി. ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന കത്തില്‍ തീവ്രവാദ രാഷ്ട്രത്തിലെ തീവ്രവാദി എന്നാണ് ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മല്‍ക്കയെ വിശേഷിപ്പിക്കുന്നത്.
ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം നടന്നതിന് ശേഷമാണ് ഇവിടെ നിന്ന് കുറിപ്പ് കണ്ടെത്തിയത്. സ്‌ഫോടനത്തിലെ പ്രാദേശിക ഇടപെടലുകള്‍ ഇറാന്‍ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ സ്ഫോടനം സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോംബ് സ്ഥാപിച്ചയാളെ ഇതുവരെ തിരിച്ചറിയാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല.
ഇസ്രയേല്‍ എംബസിക്ക് സമീപത്തെ എപിജെ അബ്ദുള്‍ കലാം റോഡിലായിരുന്നു സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്‌ഫോടകവസ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു.