കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍മന്ത്രി രാജീബ് ബാനര്‍ജിയടക്കം അഞ്ച് തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരും. അതിനായി ഇവര്‍ ന്യൂ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ വെച്ച് ബിജെപിയില്‍ ചേരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്.
രാജീബ് ബാനര്‍ജി, എംഎല്‍എമാരായ പ്രഭിര്‍ ഘോസാല്‍, വൈശാലി ദാല്‍മിയ, മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രവര്‍ത്തി എന്നിവര്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പറന്നെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വെച്ച് ബിജെപി ദേശീയ നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തും.
പശ്ചിമ റാണാഘട്ടില്‍ നിന്നുള്ള മുന്‍ തൃണമൂല്‍ എംഎല്‍എ പാര്‍ഥ സാരഥി ചത്തോപാധ്യായും ഇവര്‍ക്കൊപ്പം ഡല്‍ഹിയിലെത്തുമെന്നും വാര്‍ത്തകളുണ്ട്. അമിത് ഷാ വിളിച്ചതുപ്രകാരമാണ് ഡല്‍ഹിയിലെത്തുന്നതെന്നാണ് രാജീബ് ബാനര്‍ജി പറഞ്ഞത്.
“തൃണമൂലില്‍ നിന്ന് രാജിവെച്ച ശേഷം ബിജെപി നേതൃത്വത്തില്‍ നിന്ന് എനിക്ക് വിളി വന്നിരുന്നു. ഡല്‍ഹിയിലേക്കെത്തണമെന്നാണ് അമിത് ഷാ പറഞ്ഞത്”, ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഉറപ്പ് ലഭിച്ചാല്‍ ബിജെപിയില്‍ താന്‍ ചേരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.