ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജയിൽ മോചനത്തിന് പിന്നാലെ തമിഴ്നാട് ഭരിക്കുന്ന അണ്ണാ ഡിഎംകെയില്‍ പോര് കനക്കുന്നു. ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടും ആശംസ അറിയിച്ചും ഒപിഎസ് വിഭാഗം നേതാക്കള്‍ രംഗത്തെത്തി. നീക്കത്തിന് പിന്നില്‍ പനീര്‍സെല്‍വത്തിന്‍റെ മൗനാനുവാദമുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ അനുകൂലിക്കുന്നവർ ആരോപിച്ചു.
ഭിന്നത രൂക്ഷമായതിനിടെ എടപ്പാടി പളനിസ്വാമി മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെയിൽ അട്ടിമറി നീക്കം തടയാൻ ഇപിഎസ് സര്‍വ്വതന്ത്രങ്ങളും പയറ്റുമ്പോഴാണ് ഒപിഎസ് പക്ഷത്തിന്‍റെ കലാപകൊടി.
തേനിയിലും തിരുച്ചറപ്പള്ളിയിലും ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ട് പോസ്ററര്‍ ഉയര്‍ന്നിരുന്നു. ശശികലയ്ക്ക് ആശംസയുമായി പനീര്‍സെല്‍വത്തിന്‍റെ മകന്‍ ജയപ്രദീപ് തന്നെ രംഗത്തെത്തിയതോടെയാണ് ഭിന്നത രൂക്ഷമായത്. ശശികലയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താന്‍ കഴിയട്ടെ എന്നുമായിരുന്നു പ്രസ്താവന.
ഇതോടെ ജയപ്രദീപിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് പളനിസ്വാമി വിഭാഗം രംഗത്തെത്തി. ശശികലയെ ഉയർത്തി കൊണ്ടു വരാനുള്ള നീക്കത്തിന് പിന്നില്‍ പനീര്‍സെല്‍വം തന്നെയാണെന്നും നേതാക്കള്‍ ആരോപിച്ചു. അണ്ണാ ഡിഎംകെയില്‍ കൂടുതല്‍ നേതാക്കളും പളനിസ്വാമിക്ക് ഒപ്പമാണ്. കൃത്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ഒപിഎസ് പക്ഷത്തിൻ്റെ പരാതി.
അതേസമയം അസംതൃപ്തരായ ഒപിഎസ് വിഭാഗം പാര്‍ട്ടി വിടുമെന്നാണ് ശശികല പക്ഷത്തിന്‍റെ അവകാശവാദം. വിമത നീക്കങ്ങള്‍ ചെറുക്കാനുള്ള കൂടിയാലോചനയിലാണ് പളനിസാമി. അതേസമയം, ശശികലയുടെ കൂടുതല്‍ ബിനാമി ഇടപാടുകളിലേക്ക് എന്‍ഫോഴ്സമെന്‍റ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. 2000 കോടിയുടെ സ്വത്തുക്കളില്‍ ഇഡി ശശികലയോട് വിശദീകരണം തോടിയിരുന്നു.