തിരുവനന്തപുരം: പ്ലസ്ടു ലെവൽ പൊതുപരീക്ഷാ തീയതിയും സിലബസും പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഏപ്രിൽ 10ന് 85 തസ്തികകളിലേക്കാണു പരീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പു സാഹചര്യത്തിൽ മാറ്റത്തിനു സാധ്യതയുണ്ട്. അങ്ങനെ വന്നാൽ മേയ് പകുതിക്കു ശേഷമോ ജൂണിലേക്കോ പരീക്ഷ നീണ്ടേക്കും.
പൊതുവിജ്ഞാനത്തിൽ 50, ജനറൽ ഇംഗ്ലിഷ്, ഗണിതം/മാനസികശേഷി പരിശോധന എന്നിവയിൽ 20 വീതം, പ്രാദേശികഭാഷയിൽ 10 എന്നിങ്ങനെയാവും ചോദ്യങ്ങൾ ഉൾപ്പെടുത്തുക. വിവിധ തസ്തികകളിലായി 15 ലക്ഷത്തിലധികം പേർ പ്ലസ് ടു നിലവാര പരീക്ഷകൾക്ക് അപേക്ഷ നൽകിയിട്ടുണ്ട്. പൊതുപരീക്ഷയാകുമ്പോൾ ഇത് 6 ലക്ഷത്തോളമേ വരൂ എന്നാണു കണക്കാക്കുന്നത്.
83 തസ്തികയിലും ഇപ്പോൾ കൺഫർമേഷൻ നൽകാം. ഫെബ്രുവരി 9ആണ് അവസാന തീയതി. ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്പെ.റി. എസ്ടി), അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്പെ.റി. എസ്ടി) തസ്തികകളിൽ ഫെബ്രുവരി 5 മുതലാണു കൺഫർമേഷൻ. ഒന്നിലധികം തസ്തികയിൽ അപേക്ഷിച്ചവർ ഓരോ തസ്തികയ്ക്കും കൺഫർമേഷൻ നൽകണം.
ഏതു ഭാഷയിലുള്ള (മലയാളം/തമിഴ്/കന്നട) ചോദ്യ പേപ്പറാണ് വേണ്ടതെന്ന് കൺഫർമേഷൻ നൽകുമ്പോൾ രേഖപ്പെടുത്തണം. തെരഞ്ഞെടുത്ത ഭാഷയിലെ ചോദ്യ പേപ്പർ മാത്രമേ ലഭ്യമാക്കൂ. പരീക്ഷ എഴുതാനുള്ള ജില്ല തെരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്ന കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ല തന്നെ തിരഞ്ഞെടുക്കണം. നിശ്ചിത സമയത്തിനകം കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും.