ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനാകുന്ന പുതിയ ചിത്രം ‘പുഷ്പ’ തീയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 13നാണ് ചിത്രം റിലീസ് ചെയ്യുക. അല്ലു അര്‍ജുന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രീകരണം നേരത്തെ പൂര്‍ണ്ണമാകേണ്ട ചിത്രം റിലീസ് ചെയ്യാന്‍ വൈകിയത് കോവിഡ് വ്യാപനത്താലാണ്. ആതിരപ്പള്ളി, ആന്ധ്രപ്രദേശിലെ മരെടുമല്ലി എന്നീ വന മേഖലകളിലായിരുന്നു ചിത്രീകരണം. നിര്‍ത്തിവെച്ച ചിത്രീകരണം കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുനരാരംഭിച്ചത്.
പുഷ്പ 2021 ഓഗസ്റ്റ് 13ന് തീയറ്ററില്‍ എത്തും. ഈ വര്‍ഷം നിങ്ങളെല്ലാവരെയും തീയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണെന്നാണ് അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്തത്. മൈത്രി മൂവി മെയ്‌ക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ – അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം ആക്‌ഷൻ ത്രില്ലറാണ്.
തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭഷകളിലും റിലീസ് ചെയ്യും. കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്‍റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.