ന്യൂ ഡൽഹി: അടുത്ത വര്‍ഷം ആറ് സംസ്ഥാനങ്ങളില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ആം ആദ്മി മത്സരിക്കുക. ഒന്‍പതാമത് ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്.
അതേസമയം, കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷം ഉണ്ടാക്കിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു. ജനുവരി 26 ന് സംഭവിച്ചത് ഖേദകരമാണ്, ഏത് നേതാവായാലും ഏത് പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ആളാണെങ്കിലും കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും കെജ്രിവാള്‍ പറഞ്ഞു.
നവംബറില്‍ കര്‍ഷകരുടെ ഡല്‍ഹി പ്രതിഷേധത്തിന്റെ തുടക്കത്തില്‍, പാര്‍ട്ടി അവരുടെ ആവശ്യങ്ങള്‍ക്ക് നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുകയും ഡല്‍ഹിയിലേക്ക് സ്വാഗതം ചെയ്യുകയും കര്‍ഷകരുടെ സേവകരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ 117 സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.