ന്യൂ ഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. ഇന്ത്യയില്‍ ഇതുവരെ 153 ജനിതക വ്യതിയാനം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി അറിയിച്ചു.
അതേസമയം, കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രോഗനിയന്ത്രണം കര്‍ശനമാക്കും. കോവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒന്‍പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നു.
ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകര്‍ച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതുപോലെ പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കൊപ്പം പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.
ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കുമ്പോള്‍ 75 ശതമാനവും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 56 ശതമാനം പേര്‍ക്കും രോഗം പകരുന്നത് വീടുകള്‍ക്കുള്ളില്‍ നിന്നാണെന്നാണ് പഠനം. അഞ്ചുശതമാനം പേര്‍ക്ക് വിദ്യാലയങ്ങളില്‍ നിന്ന് രോഗം പകരുന്നുണ്ട്.