ന്യൂ ഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 200 പേരെ കസ്റ്റഡിയിലെടുത്തെന്ന് ഡല്‍ഹി പൊലീസ്. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നിവ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഇതുവരെ 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കര്‍ഷക സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് യോഗേന്ദ്ര യാദവിനെതിരായ എഫ്‌ഐആര്‍. അതേസമയം, സംഘര്‍ഷത്തില്‍ 300ലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു. 8 ബസുകള്‍ക്കും 17 സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐ.ടി.ഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
അതിനിടെ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. ഫെബ്രുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പാര്‍ലമെന്റ് ഉപരോധം അടക്കമുള്ള സമര പരിപാടികള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമാകും.