ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു. രാജ്യ തലസ്ഥാനത്ത് പലയിടത്തും പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. ഐടിഒയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കര്‍ഷകരുടെ വാദം.
എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. കര്‍ഷകരും പൊലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒ മേഖലയില്‍ സംഘര്‍ഷം തുടരുകയാണ്. പൊലീസ് വഴിയില്‍ സ്ഥാപിച്ച ബസുകള്‍ കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് തള്ളിനീക്കാന്‍ ശ്രമിച്ചു. കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സീമാപുരിയിലും പൊലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറും നടന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ പരിക്കേറ്റിട്ടുണ്ട്.
ഇതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി. കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കര്‍ഷകരുടെ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും കാറ്റ് പൊലീസ് അഴിച്ചുവിട്ടു. ഒപ്പം ട്രാക്ടറുകളിലെ ഇന്ധനവും പൊലീസ് തുറന്നുവിട്ടു.