കാഠ്മണ്ഡു: പ്രധാനമന്ത്രി കെപി ശര്‍മ ഒലിയെ പുറത്താക്കിയതായി നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പാര്‍ട്ടി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹല്‍ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഞങ്ങള്‍ ഒലിയെ എന്‍.സി.പിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇനി അദ്ദേഹത്തിനെതിരെ ഞങ്ങള്‍ അച്ചടക്ക നടപടി സ്വീകരിക്കും. കാരണം, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. ഞങ്ങള്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. പക്ഷേ, ഇതുവരെ മറുപടി നല്‍കിയിട്ടില്ല’- വിമത വിഭാഗം നേതാവ് മാധവ് കുമാര്‍ നേപ്പാള്‍ പറഞ്ഞു.
വെള്ളിയാഴ്ച വിമത വിഭാഗം നേതാക്കള്‍ ഒലിയുടെ അംഗത്വം റദ്ദാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം 20ന് നേപ്പാള്‍ പാര്‍ലമെന്‍റ് പിരിച്ചുവിടാന്‍ ഒലി ശിപാര്‍ശ ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഒരുമാസത്തിനിടെ രണ്ട് തവണയാണ് ഈ തീരുമാനത്തിനെതിരെ അവര്‍ തെരുവിലിറങ്ങിയത്.
ഏപ്രില്‍ 30നും പത്തിനും നേപ്പാളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്ന സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എന്‍സിപി രൂപീകരിച്ചത്. 2017ലെ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതല്‍ ഇരു വിഭാഗങ്ങാളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.