പനജി: 51-ാമത് ദേശീയ ചലച്ചിത്രമേളയില്‍ ആന്‍ഡേന്‍ റഫേന്‍ സംവിധാനം ചെയ്ത ഡെന്‍മാര്‍ക്ക് ചിത്രം ‘ഇന്‍ റ്റു ദ ഡാര്‍ക്ക്നെസ്’ മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂര പുരസ്‌കാരം നേടി. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ കഥ പറയുന്ന ചിത്രം നിരൂപ പ്രശംസ നേടി. 40 ലക്ഷം രൂപയാണ് സമ്മാനത്തുക.
മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ‘ദി സൈലന്റ് ഫോറസ്റ്റ്’ എന്ന തായ്‌വാനീസ് ചിത്രത്തിലൂടെ കോ ചെന്‍ നിയെന്‍ സ്വന്തമാക്കി.
ദി സൈലന്റ് ഫോറസ്റ്റിലെ അഭിനയത്തിന് ഷൂവോണ്‍ ലിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി.
‘ഐ നെവര്‍ ക്രൈ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സോഫിയ സ്റ്റവേ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മികച്ച നവാഗത സംവിധായകന്‍ ‘വാലന്റീനേ’ എന്ന ബ്രസീലിയന്‍ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി.
ക്രിപാല്‍ കലിത സംവിധാനം ചെയ്ത ‘ബ്രിഡ്ജ്’, കാമന്‍ കാലെ സംവിധാനം ചെയ്ത ബള്‍ഡേറിയന്‍ ചിത്രം ‘ഫെബ്രുവരി’ എന്നീ ചിത്രങ്ങള്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. എസിഎഫ്ടി യുനെസ്‌കോ ഗാന്ധിപുരസ്‌കാരം പാലസ്തീന്‍ സംവിധായകന്‍ അമീന്‍ നയേഫ ഒരുക്കിയ ‘200 മീറ്റേഴ്‌സ്’ എന്ന ചിത്രത്തിന് ലഭിച്ചു.
ആകെ 224 ചിത്രങ്ങളാണ് മേളയില്‍ ഉണ്ടായിരുന്നത്.