ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പ് കര്‍ഷകര്‍ ഡല്‍ഹി പൊലീസിന് കൈമാറി. ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്താനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. അഞ്ച് അതിര്‍ത്തികളിലൂടെ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കും. സിംഗു, തിക്രി, ഗാസിപുര്‍ തുടങ്ങിയ അതിര്‍ത്തി മേഖലകളില്‍ നിന്നാണ് ഡല്‍ഹിക്കുള്ളിലേക്ക് ട്രാക്ടര്‍ പരേഡ് കടക്കുക. 24 മുതല്‍ 72 മണിക്കൂര്‍ വരെയായിരിക്കും ട്രാക്ടര്‍ റാലിയുടെ ദൈര്‍ഘ്യമെന്നാണ് സൂചന.
ഇന്നലെയാണ് റാലിക്ക് പൊലീസ് അനുമതി നല്‍കിയത്. സഞ്ചാര പാത രേഖാമൂലം നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലും കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പ്രതിഷേധിക്കുക. നാസിക്കില്‍ നിന്ന് തിരിച്ച കര്‍ഷകര്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം മുംബൈയിലെത്തും. നാളെ രാവിലെ മുംബൈയില്‍ നടക്കുന്ന പൊതുയോഗത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണ കക്ഷി നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ജാഥയായി രാജ് ഭവനിലേക്ക് നീങ്ങുന്ന കര്‍ഷകര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും.
റിപ്പബ്ലിക് ദിനത്തില്‍ മുംബൈയിലെ ആസാദ് മൈതാനത്ത് കര്‍ഷകര്‍ സംഘടിക്കും. അതേസമയം, കര്‍ഷക മരണങ്ങള്‍ 150 കടന്നു. അതിശൈത്യം കാരണം ഒരു കര്‍ഷകന്‍ കൂടി ഇന്ന് മരിച്ചു.