വാഷിങ്ടൺ: താലിബാനുമായി ഡൊണാൾഡ് ട്രംപിന്റെ ഭരണ കാലത്ത് ഏർപ്പെട്ട സമാധാന കരാർ പുനഃപരിശോധിക്കുമെന്ന് വൈറ്റ് ഹൗസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജൈക് സല്ലിവനാണ് ഇക്കാര്യം അറിയിച്ചത്. സൈനിക പിന്മാറ്റത്തിന് പിന്നാലെ താലിബാന്‍റെ ആക്രമണം അഫ്ഗാനിൽ വർധിച്ചെന്നാണ് യുഎസ്. വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് സമാധാന കരാർ പുനഃപരിശോധിക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചത്. സമാധാന കരാർ പുനഃപരിശോധിക്കുന്ന വിവരം അഫ്ഗാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുല്ല മൊഹിബിനെ വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഖത്തറിൽവെച്ച് നടന്ന ചർച്ചയിലാണ് അഫ്ഗാൻ ഭരണകൂടവും താലിബാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഖത്തറിന്‍റെ മധ്യസ്ഥതയിൽ 18 മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരുവിഭാഗങ്ങളും കരാറിലെത്തിയത്.