ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ രണ്ടു മാസത്തെ ഇടവേളക്കു ശേഷം നാളെയാണ് ഒന്‍പതാംവട്ട ചര്‍ച്ച നടക്കുക. ചൈനീസ് മേഖലയിലെ മോള്‍ഡായില്‍വെച്ചാണ് ഇരു സൈനികരും തമ്മിലുള്ള കൂടിക്കാഴ്ച.
കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് സമാനമായി വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുക്കും. നവംബര്‍ ആറിനാണ് അവസാനവട്ട സൈനിക ചര്‍ച്ച നടന്നത്. സമ്പൂര്‍ണ സൈനിക പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് പ്രശ്‌നപരിഹാരം വൈകാന്‍ കാരണം.
ചൈനയുടെ സമീപനത്തില്‍ മാറ്റം വരുത്താത്തതിനാല്‍ സൈനിക വിന്യാസം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ. ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലും അതിര്‍ത്തിയില്‍ സങ്കര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. അതിനാല്‍ ഏതു സമയത്തും ഒരു ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പിലാണ് ഇരുകൂട്ടരും.
മേഖലയിലെ താപനില മൈനസ് 30 ഡിഗ്രിക്ക് താഴെയായി കുറഞ്ഞിട്ടും ഇരുരാജ്യങ്ങളും സൈനികരുടെ എണ്ണത്തില്‍ കുറവുവരുത്തിയിരുന്നില്ല. ശൈത്യകാലത്തുടനീളം അതിര്‍ത്തിയില്‍ ശാന്തതയായിരുന്നെങ്കിലും പിരിമുറുക്കങ്ങള്‍ അവസാനിച്ചിരുന്നില്ല.