ന്യൂ ഡല്‍ഹി: ബീഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യനില അതീവ ഗുരുതരം. ആരോഗ്യ നില വഷളായി തുടരുന്നതിനാല്‍ അദ്ദേഹത്തെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ലാലു, നിലവില്‍ റാഞ്ചിയിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ലാലു പ്രസാദിന്‍റെ കുടുംബം റാഞ്ചിയില്‍ എത്തിയിരുന്നു. ഡല്‍ഹിയിലേക്ക് അദ്ദേഹത്തിന്റെ കൂടെ തേജസ്വി യാദവും പോകുമെന്നാണ് വിവരം. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്‍റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
ജയില്‍ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാകും ലാലുവിനെ എയിംസിലേക്ക് മാറ്റുക. ലാലുവിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി കോടതിയുടെ അനുമതിയും ജയില്‍ അധികൃതര്‍ വാങ്ങേണ്ടതുണ്ട്.
ലാലുവിന് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെടുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ലാലുവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഹേമന്ത് സോറനുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. മുന്‍പ് ഹൃദയശസ്ത്രക്രിയക്ക് വിധേയനായതാണെന്നും വൃക്ക 25 ശതമാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും തേജസ്വി പറഞ്ഞു.