ഹൈദരാബാദ്: കോവിഡ് ഭീതിക്കിടെ ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിൽ അജ്ഞാത രോഗം സ്ഥിരീകരിച്ചു. പുല്ല, കോമിരെപള്ളി ഗ്രാമങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപസ്മാരം, ഛർദ്ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നിരവധി പേരെ എലുരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോമിരെപ്പള്ളി ഗ്രാമത്തിലെ 22ഓളം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ പലരും ആദ്യം കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് വായിൽനിന്ന് നുരയും വന്നതായാണ് വിവരം.
ഒരാഴ്ചമുമ്പ് പുല്ല ഗ്രാമത്തിലെ 29 പേരെ സമാനലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ എല്ലാവരും രോഗമുക്തി നേടിയിരുന്നു. രണ്ടു ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ എലുരുവിൽ നിരവധി പേർക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ജനങ്ങളോട് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സംഭവം നിരീക്ഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ എലുരുവിലേക്ക് അയച്ചു.