പുനെ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ വ്യാഴാഴ്ചയുണ്ടായ തീപ്പിടിത്തം ബിസിജി, റോട്ടാ വാക്‌സിന്‍ ഉല്പാദനത്തെ ബാധിച്ചേക്കാമെന്ന് കമ്പനി. തീപ്പിടിത്തത്തില്‍ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു.
‘പുനെയിലെ മഞ്ചരിയിലുളള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം ബിസിജി, റോട്ടാ വാക്‌സിന്‍ എന്നിവയുടെ ഉല്പാദനത്തെ ബാധിക്കും.’ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം, തീപ്പിടിത്തം കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന്റെ ഉല്പാദനത്തെ ബാധിക്കില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല ഉറപ്പു നല്‍കിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 2.45 നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിലെ നാല്,അഞ്ച് നിലകളിലായിരുന്നു തീപ്പിടിത്തം. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടത്തിലെ മറ്റൊരു കംപാര്‍ട്ട്‌മെന്റിലും തീപ്പിടിത്തമുണ്ടായി. അപകടത്തില്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് കോവിഷീല്‍ഡ് നിർമാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അപകടത്തില്‍ മരിച്ചവര്‍ക്ക് കമ്പനി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.