ഗുവാഹത്തി: മേഘാലയയിലെ കിഴക്കന്‍ ജയന്തിയ ഹില്‍സിലെ വനത്തിനുള്ളില്‍ അസമില്‍ നിന്നുള്ള ആറ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 150 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണാണ് ആറ് തൊഴിലാളികളും മരിച്ചത്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം മുമ്പ് ഉപേക്ഷിച്ച കല്‍ക്കരി ഖനി പ്രവര്‍ത്തിച്ചിരുന്നിടത്താണ് അപകടം നടന്നത്.
2018 ഡിസംബറില്‍ അധനികൃതമായി പ്രവര്‍ത്തിച്ച ഖനി തകര്‍ന്ന് 15 പേരെ കാണാതായതും ഇതേ പ്രദേശത്താണ്. എന്നാല്‍, പ്രദേശത്ത് ഖനികള്‍ പ്രവര്‍ത്തിക്കുന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മരിച്ച ആറ് തൊഴിലാളികളുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് കുഴിയില്‍നിന്ന് കണ്ടെടുത്തത്. ഇവര്‍ അനധികൃത കല്‍ക്കരി ഖനി കുഴിക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ ആരോപിച്ചു.
എന്നാല്‍ അപകട സ്ഥലത്ത് കല്‍ക്കരി ശേഖരമൊന്നും കണ്ടെത്താനായിട്ടില്ല. അതിനാല്‍ പൂട്ടിയ കല്‍ക്കരി ഖനി തുറക്കാനാണ് തൊഴിലാളികള്‍ ശ്രമിച്ചതെന്ന നിഗമനത്തിലെത്താന്‍ സാധിക്കില്ല. അതേസമയം, ഭൂമി കുഴിച്ചതിന്‍റെ സാധ്യതകള്‍ പ്രദേശത്ത് കണ്ടെത്താനായെന്ന് കിഴക്കന്‍ ജയന്തിയ ഹില്‍സ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഇ ഖാര്‍മാല്‍കി വ്യക്തമാക്കി.
2014ലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ മേഘാലയില്‍ കല്‍ക്കരി ഖനനം നിരോധിച്ചത്. എന്നാല്‍ ഇതിനുശേഷവും സര്‍ക്കാരിന്റെ മൂക്കിനുതാഴെ അനധികൃത ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പറയുന്നു. ഏകദേശം 5000ത്തോളം അനധികൃത ഖനികള്‍ മേഘാലയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിഭാഗവും കിഴക്കന്‍ ജയന്തിയ ഹില്‍സ് മേഖലയിലാണ്.