വാഷിംങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡനെ പേരെടുത്ത് പരാമര്‍ശിക്കാതെ പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്ന് ഡോണാള്‍ഡ് ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയാണെന്നും പുതിയ സര്‍ക്കാരിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് ജോ ബൈഡന്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നത്.
‘പുതിയ സര്‍ക്കാരിന്റെ വിജയത്തിനായും, അമേരിക്കയെ സുരക്ഷിതമായും അഭിവൃദ്ധിയിലും സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് ആശംസകളും ഭാഗ്യവും നേരുന്നു. ഭാഗ്യം എന്നത് വളരെ നിര്‍ണയകമായ ഒരു പദമാണെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാനമായി കമല ഹാരിസ് രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്യും. കാപിറ്റോള്‍ ആക്രമണത്തിന്റയും എഫ്.ബി.ഐയുടെ കലാപ മുന്നറിയിപ്പിന്റെയും സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ നടക്കുക. സ്ഥാനമൊഴിയുന്ന ഡോണള്‍ഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുന്‍ പ്രസിഡന്റുമാരും പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാല്‍ ജിമ്മി കാര്‍ട്ടര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നേക്കും.