ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകള്‍ അയല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. വാക്‌സീന്‍ നയതന്ത്രത്തിന്റെ ഭാഗമായാണ് ഇത്. നിലവില്‍ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വിതരണം ഒരാഴ്ച്ചക്കുള്ളില്‍ ആരംഭിക്കാനാണ് നീക്കം.
ആദ്യത്തെ കയറ്റുമതി തികച്ചും സൗജന്യമാണെങ്കിലും അടുത്ത ഷിപ്‌മെന്റുകള്‍ മുതല്‍ ഓരോ കമ്ബനിക്കും രാജ്യങ്ങള്‍ പണം നല്‍കേണ്ടിവരും. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീന്‍, ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് വിതരണം ചെയ്യുക. മ്യാന്‍മറും ബംഗ്ലദേശും സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടിരുന്നു.
നേപ്പാളാണ് അവസാനമായി ഇന്ത്യയോട് വാക്‌സീന്‍ ആവശ്യപ്പെട്ടത്. ശ്രീലങ്കക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പ്രഖ്യാപിച്ചിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് കമ്ബനികളുമായി നേരിട്ടു വാക്‌സിന്‍ കരാറില്‍ ഏര്‍പ്പെടാം. എന്നാല്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ക്ലിയറന്‍സ് ആവശ്യമാണ്. രാജ്യത്ത് ആവശ്യത്തിന് വാക്‌സീന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ ഈ ക്ലിയറന്‍സ് നല്‍കൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ലോകത്തെ 60 ശതമാനം വാക്‌സിന്‍ നിര്‍മാണവും നടക്കുന്നത് ഇന്ത്യയിലാണ്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ജനുവരി മൂന്നിന് രണ്ട് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.
ജൂലായോടെ രാജ്യത്തെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നീക്കത്തിന് ഇന്ത്യ 16 ന് തുടക്കം കുറിച്ചിരുന്നു. അതിനിടെ, രണ്ട് കോടി ഡോസ് വാക്‌സിനുകള്‍ അയല്‍ രാജ്യങ്ങള്‍ക്ക് നല്‍കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ടു ചെയ്തു.