ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി കര്‍ഷകര്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ളതാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ റാലിയെ സര്‍ക്കാര്‍ നിയമപരമായി നേരിടും. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് വന്‍ ട്രാക്ടര്‍ റാലി നടത്താനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്രം പലതവണ ആവശ്യമുയര്‍ത്തിയിരുന്നു. അതേസമയം റാലിയില്‍ നിന്ന് പിന്മാറാന്‍ കോടതി ആവശ്യപ്പെട്ടാല്‍ പിന്മാറുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനായി കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സയടക്കം 40 പേരെയാണ് എന്‍ഐ നോട്ടീസ് നല്‍കിയത്. പ്രതിഷേധവുമായി സഹകരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ടെന്ന് കര്‍ഷക നേതാക്കളിലൊരാള്‍ ആരോപണം ഉയര്‍ത്തി.
ആയിരം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന റാലിയാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലി ഡല്‍ഹിയെ ചുറ്റിക്കിടക്കുന്ന ഔട്ടര്‍ റിംഗ് റോഡിലാണ് നടത്തുന്നത്. സമാധാനപരമായി നടത്തുന്ന റാലിയോട് ഡല്‍ഹി, ഹരിയാന പോലീസ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.