ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29-ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് സമ്മേളനം നടക്കുക. ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്‌സഭയും രാജ്യസഭയും ചേരുക. അഞ്ചുമാണിക്കൂര്‍ സഭ സമ്മേളിക്കും. മാധ്യങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. ചോദ്യോത്തരവേള ഉണ്ടാകും. സന്ദര്‍ശകര്‍ക്ക് വിലക്ക് തുടരും.
കഴിഞ്ഞ സമ്മേളനകാലത്ത് നാലുമണിക്കൂര്‍മാത്രമേ സഭകള്‍ സമ്മേളിച്ചിരുന്നുള്ളൂ. ചോദ്യോത്തരങ്ങള്‍ അനുവദിച്ചിരുന്നില്ല. രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുക. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങള്‍ക്ക് സെന്‍ട്രല്‍ ഹാളിനുപുറമേ ലോക്സഭ, രാജ്യസഭാ ചേംബറുകളിലും സൗകര്യമൊരുക്കും.
കഴിഞ്ഞവര്‍ഷം കോവിഡ് മൂലം നേരത്തെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 23 ന് സഭ പിരിയുകയും മാര്‍ച്ച് 25 ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ശൈത്യകാല സമ്മേളനം കോവിഡ് വ്യാപനം മൂലം ഒഴിവാക്കിയിരുന്നു. വര്‍ഷകാല സമ്മേളനത്തില്‍ എംപിമാര്‍ക്ക് കോവിഡ് ബാധിച്ചതോടെ സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു.