ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് ശക്തിപകരാന്‍ 83 തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാന്‍ കേന്ദ്രമന്ത്രിസഭാ സമിതി അനുമതി നല്‍കി. ഇതിനായി 48000 കോടി രൂപയുടെ കരാറിനും സമിത അനുമതി നല്‍കിയിട്ടുണ്ട്..
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായിട്ടാണ് കരാര്‍. കരാറില്‍ 73 എല്‍,സി.എ തേജസ് എം..കെ 1 എ യുദ്ധവിമാനങ്ങളും 10 എല്‍.സി..എ തേജസ് എം.കെ 1 ട്രെയിനര്‍ വിമാനങ്ങളുമാണ് ഉള്‍പ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
‘തേജസ് വിമാനങ്ങള്‍ വ്യോമസേനയെ ശക്തിപ്പെടുത്തും. ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്റെ ഒരു ഗെയിം ചെയിഞ്ചറായിരിക്കും’ രാജ്‌നാഥ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
40 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിര്‍മിച്ച ജെറ്റുകള്‍ അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാന്‍ ഒരുങ്ങുന്നത്.