പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉദ്പാദിപ്പിക്കുന്ന കോവിഡിനെതിരായ ഓക്സ്ഫഡ് കോവിഷീൽഡ് വാക്സിന്‍റെ വിതരണം തുടങ്ങി. രാവിലെ അഞ്ചു മണിയോടെ താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് പൂനെ വിമാനത്താവളത്തിലേക്ക് വാക്സിൻ കൊണ്ടു പോയത്. വാക്സിൻ വിമാനത്താവളത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പ്രത്യേക പൂജകൾ നടത്തിയിരുന്നു.
എട്ട് പാസഞ്ചർ വിമാനങ്ങളും രണ്ട് കാർഗോ വിമാനങ്ങളും അടക്കം 10 വിമാനങ്ങളിലായി രാജ്യത്തെ 13 സ്ഥലങ്ങളിലാണ് വാക്സിൻ വിതരണം ചെയ്യുക. ഡൽഹി, കർനാൽ, അഹമ്മദാബാദ്, ചണ്ഡിഗഡ്, ലക്നോ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വർ, കൊൽക്കത്ത, ഗുവാഹത്തി, ഗുജറാത്ത് എന്നീ സ്ഥലങ്ങളിലാണ് വാക്സിൻ എത്തിക്കുക. അവിടെ നിന്ന് മുഴുവൻ സംസ്ഥാനങ്ങളിലും വാക്സിൻ കൈമാറും.
ഓക്സ്ഫഡ് കോവിഷീൽഡ് വാക്സിന് 200 രൂപ വില നിശ്ചയിക്കാൻ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. ആദ്യഘട്ടമായി 1.10 കോടി ഡോസുകൾ ഉടനെ വിതരണം ചെയ്യുക. പത്തു കോടി ഡോസുകൾക്കാണ് 200 രൂപ വീതം വില ധാരണയായതെന്നാണ് റിപോർട്ടുകൾ.