ന്യൂഡല്‍ഹി: ഓക്സ്ഫഡ് വാക്സിന്‍ കോവിഷീല്‍ഡിന് ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച വൈകീട്ടോടെ ഓര്‍ഡര്‍ ലഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോസിന് 200 രൂപയ്ക്കാവും വാക്‌സിന്‍ നല്‍കുക. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ അയച്ചു തുടങ്ങുമെന്നും എസ്‌ഐഎ വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യഘട്ടമായി 1.10 കോടി ഡോസുകള്‍ ഉടനെ വിതരണം ചെയ്യും. പത്തു കോടി ഡോസുകള്‍ക്കാണ് 200 രൂപ വീതം വില ധാരണയായതെന്നാണ് റിപോര്‍ട്ടുകള്‍. കേന്ദ്രം നേരിട്ട് വാക്സിന്‍ ഒാര്‍ഡര്‍ നല്‍കുന്നതിലൂടെ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാകുമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ജനുവരി 16ന് വാക്സീന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. കോവിഷീല്‍ഡ് വാക്സീനും കോവാക്സീനുമാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. വാക്സീന്‍ വിതരണത്തിലേതടക്കമുള്ള ചെലവുകള്‍ നേരിടാനാണ് അധിക നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന. അടുത്ത ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നേരത്തെ തന്നെ കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കത്തെ എതിര്‍ത്തിരുന്നു.