ന്യൂഡല്‍ഹി : കിസാന്‍ മഹാപഞ്ചായത്ത് പരിപാടിക്കിടെ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ കര്‍ഷകര്‍ ആണെന്ന് കരുതുന്നില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. പ്രശ്നമുണ്ടാക്കിയവര്‍ കര്‍ഷകരെ അപമാനിക്കുകയാണ് ചെയ്തതെന്നും സംഘര്‍ഷത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുമാണെന്നും ഖട്ടര്‍ ആരോപിച്ചു. ചര്‍ച്ചകള്‍ തുടരും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഖട്ടര്‍ വ്യക്തമാക്കി.
പ്രതീകാത്മക സമരം മാത്രമാണ് ഇന്ന് നടത്തുകയെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നത്. അത് ഇത്തരത്തില്‍ സംഘര്‍ഷത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കര്‍ഷക നേതാക്കള്‍ പറഞ്ഞ വാക്ക് പാലിച്ചില്ല ഖട്ടാര്‍ കുറ്റപ്പെടുത്തി. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ രാജ്യത്ത് എല്ലാവര്ക്കും അധികാരമുണ്ട്. എന്നാല്‍, അത് അക്രമത്തിന്റെ മാര്‍ഗത്തിലൂടെ ആകരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കോവിഡ് ആയിട്ട്കൂടി കര്‍ഷക സമരത്തിനെത്തുന്നവര്ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തത് തങ്ങള്‍ അവരുടെ അഭിപ്രായത്തെ മാനിക്കുന്നതിനാലാണ്. കര്‍ഷകരെ യഥാര്‍ഥത്തില്‍ പിന്തുണക്കുന്നവരാണ് ഇന്നത്തെ പ്രതിഷേധനത്തിനും അക്രമത്തിനും പിന്നിലെന്ന് കരുതുന്നില്ല. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ സമരമുഖത്തുള്ളവര്‍ക്ക് ദുഷ്പേര് സമ്മാനിക്കുകയേ ഉള്ളുവെന്നും ഖട്ടര്‍ പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന ഘട്ടര്‍ കിസാന്‍ മഹാപഞ്ചയത്ത് മാറ്റിവച്ചിരുന്നു. 1500ഓളം വരുന്ന പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ച പരിപാടിയിലാണ് സംഘര്‍ഷമുണ്ടായത്. നൂറ് കണക്കിന് കര്‍ഷകരാണ് ട്രാക്ടറില്‍ കിസാന്‍ മഹാ പഞ്ചായത്ത് വേദിയിലേക്ക് എത്തിയത്. സംഘര്‍ഷത്തിനിടെ വേദി തകര്‍ത്തു. എന്നാല്‍ വേദി തകര്‍ത്തതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.