ചെന്നൈ: സിനിമതാരം രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട്ടില്‍ ആരാധകരുടെ നിരാഹാര സമരം. ചെന്നൈ വള്ളൂര്‍കോട്ടത്താണ് പ്രതിഷേധം നടക്കുന്നത്. സമരം തമിഴ്‌നാട്ടിലുടനീളം വ്യാപിപ്പിക്കാനാണ് ആരാധകരുടെ തീരുമാനം.
സ്ത്രീകള്‍ ഉള്‍പ്പടെ രണ്ട് ലക്ഷത്തോളം പേര്‍ സമരത്തിന്റെ ഭാഗമാകും. പ്രതിഷേധത്തില്‍ രജനി മക്കള്‍ മണ്‍റത്തിലെ ഒരു വിഭാഗവും പങ്കെടുക്കുന്നു. ഈ പ്രതിഷേധം കണ്ടിട്ടെങ്കിലും മനസ് മാറി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്ന് ഉച്ചവരെ സമരം ചെയ്യാനാണ് പൊലീസ് അനുമതി നല്‍കിയിരിക്കുന്നത്. സമരത്തോട് രജനീകാന്ത് പ്രതികരിച്ചിട്ടില്ല. അനാരോഗ്യം കാരണം രാഷ്ട്രീയത്തിലിറങ്ങുന്നില്ലെന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് രജനീകാന്ത് അറിയിച്ചത്.