ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ഒന്നിന് അവതരിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. ഇത്തവണ രണ്ട് ഘട്ടങ്ങളായാണ് ബജറ്റ് സമ്മേളനം നടക്കുക. ജനുവരി 29 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ജനുവരി 29 ന് തുടങ്ങുന്ന ഒന്നാംഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിന് തുടങ്ങി ഏപ്രില്‍ എട്ടിന് അവസാനിക്കും.
ഓരോ ദിവസവും നാല് മണിക്കൂര്‍ വീതമാവും സഭ ചേരുക. പാര്‍ലമെന്ററികാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിലാണ് തീരുമാനം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനം റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനം തടയാന്‍ ശീതകാലസമ്മേളനം ഒഴിവാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആഗ്രഹിക്കുന്നതായി പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി കോണ്‍ഗ്രസ് ലോക് സഭാ നേതാവിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കര്‍ഷകസമരം സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് ശീതകാലസമ്മേളനം മാറ്റിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിരുന്നു.