ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍. ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി യത്.
ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിപ്പിക്കണമെന്നും ട്രംപിനെ കൂടാതെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന്‍ ഇറാന്‍ ആവശ്യപ്പെട്ടു. ഇറാന്‍ ജുഡീഷ്യറി വാക്താവ് ഗെലാംഹൊസൈന്‍ ഇസ്മയിലാണ് ചൊവ്വാഴ്ച വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
2020 ജനുവരി മൂന്നിന് ബാഗ്ദാദിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി വധിക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഇറാന്‍ ഇന്റര്‍പോളിനോട് ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
ജൂണില്‍ ടെഹ്‌റാന്‍ പ്രൊസിക്യൂട്ടര്‍ അലി അല്‍ഖാസിമെഹര്‍ ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഇറാന്റെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. രാഷ്ട്രീയവും സൈനികവും മതപരവും വംശീയവുമായ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ടാണ് ഇന്റര്‍പോള്‍ ഇറാന്റെ ആവശ്യം തള്ളിയത്. ജനുവരി 20 ന് ട്രംപ് അധികാരം ഒഴിയാനിരിക്കെയാണ് ഇറാന്റെ നീക്കം.