ന്യൂഡൽഹി: ഉത്തർപ്രദേശിലെ വീണ്ടെടുക്കാൻ കോൺഗ്രസിനെ സജ്ജമാക്കാൻ ‘മിഷൻ യുപി’ യുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 2022ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ അടിമുടി മാറ്റാനുറച്ചാണ് പ്രിയങ്ക ഗാന്ധിയുടെ പദ്ധതികൾ. സംസ്ഥാന ചുമതല കൂടിയുള്ള പ്രിയങ്ക ഗാന്ധി അടുത്ത മാസത്തോടെ ലക്‌നൗവിലേക്ക് താമസം മാറ്റുമെന്നാണ് വിവരം.
ജവഹർലാൽ നെഹ്‌റുവിന്റെ ഭാര്യാ സഹോദരൻ കൈലാസ് നാഥ് കൗളിന്‍റെ ഭാര്യയായ ഷീല കൗളിന്‍റെ ലഖ്‌നൗവിലെ വീട് പ്രിയങ്കയുടെ സ്ഥിരതാമസത്തിനായി സജ്ജമാക്കിക്കഴിഞ്ഞു.
പാർട്ടി അടിത്തട്ട് മുതൽ ശക്തിപ്പെടുത്താൻ യുപിയിൽ വിവിധ പദ്ധതികൾക്ക് മിഷന്‍റെ ഭാഗമായി തുടക്കമിട്ടിട്ടുണ്ട്. പഞ്ചായത്ത് തലം മുതൽ അഴിച്ച് പണി നടത്തുകയാണ് ലക്ഷ്യം. അതുമായി ബന്ധപ്പെട്ട് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. ജില്ല പ്രസിഡന്‍റുമാരുമായി വിർച്വൽ കൂടിക്കാഴ്ചയും പ്രിയങ്ക നടത്തിക്കഴിഞ്ഞു.
പഞ്ചായത്തുതലംമുതൽ യോഗം വിളിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനുംഅവർ നേതാക്കളോട് ആഹ്വാനംചെയ്തു. യോഗങ്ങളിൽ താൻ അപ്രതീക്ഷിതമായി എത്തുമെന്നും പ്രിയങ്ക അറിയിച്ചു.