ന്യൂഡല്‍ഹി: മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന കൊവാക്സിന് അനുമതി നൽകിയ സംഭവത്തിൽ കോൺഗ്രസിനു പിന്നാലെ എതിർപ്പുമായി സിപിഐഎമ്മും രംഗത്തെത്തി. രാഷ്ട്രീയ ലാഭത്തിന് കുറുക്ക് വഴിയിലൂടെ വാക്സിന് അനുമതി നൽകുന്നത് വിശ്വാസ്യത തകർക്കുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു.
പരീക്ഷണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും രാഷ്ട്രീയ നേട്ടത്തിനായി നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കുന്നത് ഇന്ത്യയിലെ മരുന്ന് കമ്പനികളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും യച്ചൂരി പറഞ്ഞു.
പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്സീന് അനുമതി നല്‍കിയത് അപക്വവും അപകടകരവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു.
പരീക്ഷണത്തിന്‍റെ രാജ്യാന്തരച്ചട്ടങ്ങള്‍ മാറ്റിമറിച്ചതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരിക്കണമെന്ന് ജയറാം രമേഷ് എംപി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ അടിസ്ഥാനത്തിലാണ് കൊവിഷീൽഡിനും കൊവാക്സിനും അനുമതി നൽകിയത്. പിന്നാലെ കൊവാക്സിനിൽ രാഷ്ട്രീയ തർക്കവും ആരംഭിച്ചു. വാക്സിന് അനുമതി നൽകിയ യോഗത്തിന്റെ വിവരങ്ങളും, പരീക്ഷണ വിവരങ്ങളും പുറത്തു വിടണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ രാജ്യാന്തരതലത്തിൽ സ്വീകരിക്കുന്ന ഈ നടപടി, കേന്ദ്രസർക്കാർ പിന്തുടരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.