ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഡൽഹിയിൽ കനത്ത മഴ തുടരുന്നു. കനത്ത തണുപ്പ് തുടരുന്നതിനിടെയാണ് മഴയുമെത്തിയത്. മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
ദക്ഷിണ ഡല്‍ഹി, തുഗ്ലക്കാബാദ് തുടങ്ങി ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്.
ചൊവ്വാഴ്ചയോടെ താപനില ശരാശരി എട്ടു ഡിഗ്രിയായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രിയായി താഴ്ന്നിരുന്നു. ഈ ദശകത്തിലെ ഏറ്റവും വലിയ തണുപ്പാണ് അനുഭവപ്പെട്ടത്.
അതിനിടെ, ഉത്തരേന്ത്യയില്‍ ശീതതരംഗം തുടരുകയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറും ശീതതരംഗം അനുഭവപ്പെടും.
തുടര്‍ന്ന് നേരിയ ആശ്വാസം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മൂന്ന് ഡിഗ്രി മുതല്‍ അഞ്ചു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.