ന്യൂഡല്‍ഹി: യു.കെയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ നാല് പേര്‍ക്ക് കൂടെ അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് നാല് പേര്‍ക്ക് ഇന്ന് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
യു.കെയില്‍ നിന്ന് തിരിച്ച് അഹമ്മദാബാദിലെത്തി കോവിഡ് പോസിറ്റീവായ 15 പേരുടെ ഫലങ്ങള്‍ കൂടി പരിശോധനയ്ക്കായി പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.
യുകെയില്‍ നിന്ന് അഹമ്മദാബാദിലെത്തിയ എല്ലാ യാത്രക്കാരെയും പരിശോധിച്ചു, അതില്‍ പോസിറ്റീവ് ആയവരുടെ സാമ്ബിളുകളാണ് കൂടുതല്‍ പരിശോധനയ്ക്കായി എന്‍ഐഎവിയിലേക്ക് അയച്ചിരിക്കുന്നത്. അതില്‍ നാല് പേര്‍ക്കാണ് ഇന്ന് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി അറിയിച്ചു.
അതേസമയം, യുകെയില്‍ നിന്ന് കേരളത്തിലെത്തിയവരില്‍ ജനിതകമാറ്റം സംഭവിച്ച അതിവേഗം പടരുന്ന കോവിഡ് കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്തിടെ യുകെയില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്ബിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. ഇതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു.