ഐഎസ്എലിൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ആദ്യ 15 മിനിട്ടിനുള്ളിലാണ് രണ്ട് ഗോളുകളും പിറന്നത്. ആദം ലെ ഫൊണ്ട്രെ, ഹ്യൂഗോ ബോമസ് എന്നിവരാണ് മുംബൈ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ജയത്തോടെ മുംബൈ പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി. ബ്ലാസ്റ്റേഴ്സ് 9ആം സ്ഥാനത്ത് തുടരുകയാണ്.
മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് മുംബൈയാണ് കളിയില്‍ ആധിപത്യം പുലര്‍ത്തിയത്. കേരളത്തെ ഞെട്ടിച്ച് രണ്ടാം മിനിട്ടില്‍ തന്നെ മുംബൈ എഫ്.സി ആദ്യ ഗോള്‍ നേടി. പെനാല്‍ട്ടിയിലൂടെ സൂപ്പര്‍ താരം ആദം ലേ ഫോണ്‍ട്രെയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ആദ്യ ഗോളിൻ്റെ ഞെട്ടൽ മാറുന്നതിനു മുൻപ് 11ആം മിനിട്ടിൽ അടുത്ത ഗോളും വീണു. അഹ്മദ് ജഹൗ എടുത്ത നീളൻ ഫ്രീ കിക്ക് ഹ്യൂഗോ ബോമസ് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോളുകൾ പിറന്നില്ല.
മുബൈയുടെ നായകനും ഗോൾകീപ്പറുമായ അമരീന്ദറിന്റെ തകർപ്പൻ സേവുകളും ബ്ലാസ്റ്റേഴ്സിന് വിലങ്ങുതടിയായി. അമരീന്ദറാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.
72ആം മിനിട്ടിൽ റഫറിയുടെ പിഴവിൽ മുംബൈക്ക് പെനാൽറ്റി ലഭിച്ചു. എന്നാൽ, ഗംഭീരമായി പെനാൽറ്റി സേവ് ചെയ്ത ഗോൾകീപ്പർ അൽബീനോ ഗോമസ് ബ്ലാസ്റ്റേഴ്സിനെ മത്സരത്തിൽ തന്നെ നിലനിർത്തി. സീസണിലെ മൂന്നാം പെനാൽറ്റിയാണ് അൽബീനോ സേവ് ചെയ്യുന്നത്.