ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ജനക്കൂട്ടം തകര്‍ത്ത ഹിന്ദുക്ഷേത്രം പുനര്‍നിര്‍മിക്കാനൊരുങ്ങി പ്രാദേശിക സര്‍ക്കാര്‍. ക്ഷേത്രം പുനര്നിര്മിക്കുന്നതിെന്റ പൂര്‍ണ ചെലവും സര്‍ക്കാര്‍ വഹിക്കും. പ്രവിശ്യാ മുഖ്യമന്ത്രി മഹമൂദ് ഖാന്‍ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയത്.
ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ക്ഷേത്രമാണ് ആള്‍ക്കൂട്ടം തകര്‍ത്തത്. പ്രതികളെന്നു സംശയിക്കുന്ന നിരവധി പേര്‍ ഇതിനകം പൊലീസ് പിടിയിലായി. പ്രാദേശിക ഇസ്ലാമിക നേതാവും അറസ്റ്റിലായവരില്‍പ്പെടും.
കാരക് പട്ടണത്തിലെ ശ്രീ പരമഹാന്‍സ് ജി മഹാരാജ് സമാധി ക്ഷേത്രത്തിനുനേരെ കഴിഞ്ഞ ബുധനാഴ്ചയാണ് അക്രമം നടന്നത്.
ആരാധനാലയത്തിനുനേരെയുണ്ടായ അക്രമത്തില്‍ അതിയായി ഖേദിക്കുന്നതായി തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവിശ്യാ വിവരമന്ത്രി കമ്രാന്‍ ബങ്കാഷ് പറഞ്ഞു. ക്ഷേത്രവും സമീപത്തെ വീടും പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഹിന്ദുസംഘത്തിെന്റ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിെന്റ നവീകരണത്തില്‍ പ്രതിഷേധിച്ചാണ് ആള്‍ക്കൂട്ടം ക്ഷേത്രത്തിനെതിരെ അക്രമം നടത്തിയത്.
സംഭവത്തില്‍ തീവ്രവാദ സംഘടനയില്‍പെട്ട 45 പേരെ പിടികൂടിയിരുന്നു. അറസ്റ്റിലായവരില്‍ ജംഇയ്യത്തുല്‍ ഉലമ ഇ ഇസ്ലാം നേതാവ് റഹ്മത്ത് സലാം ഖട്ടക്കും ഉള്‍പ്പെടുന്നു.